0
മലയാള സിനിമയുടെ യുവ താരനിരയിൽ പ്രമുഖനായ പൃഥ്വിരാജിൻ്റെ ഏറ്റവും മികച്ച പത്ത് മലയാള ചിത്രങ്ങൾ നോക്കാം.

1. സെല്ലുലോയ്ഡ്
മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയേലിൻ്റെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് സെല്ലുലോയ്ഡ്. ജെ.സി.ഡാനിയേലായി വേഷമിട്ട പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഡാനിയേലിൻ്റെ യുവത്വവും വാർദ്ധക്യവും തന്മയത്തോടെ അഭിനയിച്ച പൃഥ്വിരാജിന് 2012 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചു.

2. അയാളും ഞാനും തമ്മിൽ
മെഡിക്കൽ പശ്ചാത്തലത്തിൽ രണ്ട് വ്യക്തികളുടെ ആത്മബന്ധത്തിൻ്റെ കഥ പറഞ്ഞ ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ. ഡോക്ടർ രവി തരകൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവിസ്മരണീയമാക്കി. 2012 ൽ ലഭിച്ച സംസ്ഥാന അവാർഡ്‌ ഈ ചിത്രത്തിലെ അഭിനയത്തിനും കൂടിയായിരുന്നു.

3. തലപ്പാവ്
നക്സലേറ്റ് വർഗീസ് വധത്തെ ആസ്പദമാക്കി മധുപാൽ സംവിധാനം ചെയ്ത ചിത്രമാണ് തലപ്പാവ്. നക്സലേറ്റ് വർഗീസായി വേഷമിട്ട പൃഥ്വിരാജ് മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ശക്തമായ വിഷയം ചർച്ച ചെയ്യുന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

4. വാസ്തവം
ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു വാസ്തവം.രാഷ്ടീയ ശക്തിയാവുന്ന ബാലചന്ദ്രൻ അദിഗ എന്ന ചെറുപ്പക്കാരൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത്.ഈ ചിത്രത്തിലെ അഭിനയം പൃഥ്വിരാജിന് 2006 ലെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു.

5. ക്ലാസ്മേറ്റസ്
കോളേജ് ജീവിതവും സൗഹൃദവും രാഷ്ടീയവും പ്രണയവും പ്രമേയമാക്കി ലാൽജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്.ശക്തമായ തിരക്കഥയുടെ സഹായത്തോടെ ഒരുക്കിയ ഈ ചിത്രം 2006 ലെ ഏറ്റവും വലിയ ഹിറ്റാണ്.സുകുമാരൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് മികവുറ്റതാക്കി.

6. ഇന്ത്യൻ റുപ്പി
പണത്തിനു പിന്നാലെ പോകുന്ന യുവത്വത്തെ പ്രമേയമാക്കി രഞ്ജിത് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ഇന്ത്യൻ റുപ്പി. 2011 ൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ പിടിച്ചുപറ്റി.റിയൽ എസ്റ്റേറ്റ് വഴി പണം സമ്പാദിക്കാൻ ശ്രമിക്കുന്ന ജയപ്രകാശ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.

7. വീട്ടിലേക്കുള്ള വഴി
തീവ്രവാദം പ്രമേയമാക്കി സാഹസികതയുടെ കഥ പറഞ്ഞ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡോക്ടർ ബിജുവാണ്. ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കേന്ദ്രകഥാപാത്രമായ ഡോക്ടറെ പൃഥ്വിരാജ് മികവുറ്റതാക്കി.

8. അകലെ
ഒരു ആഗ്ലോ ഇന്ത്യൻ കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൻ്റെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. നീൽ എന്ന ചെറുപ്പക്കാരനായി പൃഥ്വിരാജ് തിളങ്ങി. ഒട്ടേറെ അവാർഡുകൾ ഈ ചിത്രം വാരിക്കൂട്ടി. 2004 ലെ ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ദേശിയ അവാർഡും ലഭിച്ചു.

9. മുബൈ പോലിസ്
2013 ൽ പുറത്തിറങ്ങിയ ഈ ക്രൈം ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്. അസിസ്റ്റന്റ് കമ്മീഷണർ ആൻ്റണി മോസസ് അഥവാ റാസ്കൽ മോസസ് ആയി പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.മലയാള സിനിമ സമീപകാലത്ത് കണ്ട മികച്ച സസ്പെൻസ് ത്രില്ലറുകളിൽ ഒന്നാണ് മുംബെ പോലിസ്.

10.മാണിക്യക്കല്ല്
എം.മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു സ്കൂളിൻ്റെയും അവിടെ പഠിപ്പിക്കാൻ വരുന്ന ഒരു അധ്യാപകൻ്റെയും കഥയാണ് പറഞ്ഞത്. വിനയചന്ദ്രൻ മാഷായി പൃഥ്വിരാജ് തൻ്റെ കഥാപാത്രത്തോട് നീതി പുലർത്തി. ചിത്രത്തെ ജനങ്ങൾ രണ്ട് കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു.

Post a Comment Blogger

 
Top