0
മലയാള സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം തന്നെ കണ്ടെത്തിയ നടനാണ് ജയസൂര്യ.വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യുന്ന ഈ നടൻ്റെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങൾ ഏതെന്ന് നോക്കാം.

1. ബ്യൂട്ടിഫുൾ
വൈകല്യങ്ങൾ മറന്ന് മനസ്സിൻ്റെ ഇച്ഛാശക്തി കൊണ്ട് ജീവിതം എങ്ങനെ സുന്ദരമാക്കാം എന്ന് കാണിച്ച് തന്ന ചിത്രമാണ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ. കഴുത്തിന് കീഴെ ചലനശേഷി നഷ്ടപ്പെട്ട സ്റ്റീഫൻ ലൂയിസ് എന്ന ചെറുപ്പക്കാരനായി ജയസൂര്യ മികച്ചു നിന്നു. 2011 ൽ ഇറങ്ങിയ ഈ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു.

2. അപ്പോത്തിക്കിരി
മരുന്നു പരീക്ഷണവും അതിൽ ഡോക്ടർമാർക്കുള്ള പങ്കും പ്രമേയമാക്കി മാധവ് രാംദാസ് സംവിധാനം ചെയ്ത മെഡിക്കൽ ത്രില്ലർ ചിത്രമാണ് അപ്പോത്തിക്കിരി. സുബിൻ ജോസഫ് എന്ന രോഗിയുടെ കഥാപാത്രത്തെ മികച്ചതാക്കാൻ ജയസൂര്യ സ്വന്തം ശരീരഭാരം വലിയ തോതിൽ കുറച്ചു.

3. കോക്ടെയ്ൽ
2010 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമായിരുന്നു അരുൺ കുമാർ അരവിന്ദ് ആദ്യമായി സംവിധാനം ചെയ്ത കോക്ടെയ്ൽ.വെങ്കി എന്ന നിഗൂഢ ലക്ഷ്യമുള്ള അപരിജിതനായി ജയസൂര്യ വേഷമിട്ടപ്പോൾ ചിത്രം അതിൻ്റെ വ്യതസ്ത അവതരണ ശൈലി കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

4. ട്രിവാൻഡ്രം ലോഡ്ജ്
ന്യൂ ജനറേഷൻ ചിത്രങ്ങൾക്കൊക്കെ അടിത്തറ പാകിയ ചിത്രമായിരുന്നു വി.കെ.പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ്.ഒരു ലോഡ്ജിൻ്റെ യും അതിലെ താമസക്കാരുടെയും കഥയാണ് ഈ ചിത്രം പറഞ്ഞത.അബ്ദു എന്ന പാവപ്പെട്ട ചെറുപ്പക്കാരനായി ജയസൂര്യ മികച്ച അഭിനയം തന്നെ കാഴ്ചവെച്ചു.

5. ഇംഗ്ലീഷ്
2013 ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഇംഗ്ലീഷ്. ലണ്ടനിൽ താമസിക്കുന്ന നാല് മലയാളികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ശ്യാമപ്രസാദിൻ്റെ പതിവ് ശൈലിയിൽ നിന്ന് വിഭിന്നമാണ് ഈ ചിത്രം. വെയിറ്ററായി ജോലി ചെയ്യേണ്ടി വരുന്ന ശങ്കരൻ എന്ന കഥകളിക്കാരൻ്റെ കഥാപാത്രമാണ് ജയസൂര്യ ചെയ്തത്.

6. ജനപ്രിയൻ
മനസ്സിൽ നന്മ സൂക്ഷിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ പ്രണയത്തിൽ ചാലിച്ച് പറഞ്ഞ ചിത്രമാണ് ബോബൻ സാമുവൽ സംവിധാനം ചെയ്ത ജനപ്രിയൻ. 2011 മെയിലാണ് ഈ ചിത്രം പുറത്തിറങ്ങിയത് .കേന്ദ്ര കഥാപാത്രമായ പ്രിയദർശനായി ജയസൂര്യ തിളങ്ങി.

7. ഊമപ്പെണ്ണിനു ഉരിയാടാപയ്യൻ
മലയാള സിനിമയിൽ ജയസൂര്യ ശ്രദ്ധിക്കപ്പെടുന്നത് വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപയ്യൻ എന്ന ചിത്രത്തിലൂടെയാണ്.ഈ പ്രണയ ചിത്രത്തിലെ നായകൻ, സംസാരശേഷിയില്ലാത്ത ബോബിയുടെ വേഷം ജയസൂര്യ തന്മയത്തോടു കൂടിയാണ് ചെയ്തത്.

8. ഇയ്യോബിൻ്റെ പുസ്തകം
2014ലെ എറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിൻ്റെ പുസ്തകം.കേന്ദ്ര കഥാപാത്രമല്ലെങ്കിലും അംഘുർ റാവുത്തർ എന്ന നെഗറ്റീവ് വേഷത്തിലൂടെ ജയസൂര്യ പ്രേക്ഷകരുടെ കയ്യടി നേടി.

9. പുണ്യാളൻ അഗർബത്തീസ്
രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത പുണ്യാളൻ അഗർബത്തീസ് 2013ലെ വൻ ഹിറ്റുകളിൽ ഒന്നാണ്. ആന പിണ്ഡത്തിൽ നിന്നും ചന്ദനത്തിരി ഉണ്ടാക്കുന്ന ബിസിനസ്സ് നടത്താൻ ശ്രമിക്കുന്ന ജോയ് താക്കോൽകാരൻ്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്. തൻ്റെ സ്വതസിദ്ധമായ തൃശൂർ ശൈലിയിൽ ജയസൂര്യ ജോയ് താക്കോൽകാരൻ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി.

10. ഇവർ വിവാഹിതരായാൽ

2009 ൽ പുറത്തിറങ്ങിയ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഇവർ വിവാഹിതരായാൽ.പക്വതമില്ലാത്ത പ്രായത്തിൽ കല്ല്യാണം കഴിക്കുന്നവരുടെ ജീവിതമാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. വിവേക് എന്ന ചെറുപ്പക്കാരനായാണ് ജയസൂര്യ ഈ ചിത്രത്തിൽ അഭിനയിച്ചത്.

Post a Comment Blogger

 
Top